രാത്രിമഴ
മഴ
Ratrimazha (Mazha)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംവി കെ ശശിധരൻ
ഗാനരചനസുഗതകുമാരി
ഗായകര്‍വി കെ ശശിധരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:53.
രാത്രി മഴ
ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും
നിർത്താതെ പിറുപിറുത്തും
നീണ്ട മുടിയിട്ടുലച്ചും കുനിഞ്ഞിരിക്കുന്നോരു
യുവതിയാം ഭ്രാന്തിയെപ്പോലെ,രാത്രി മഴ
രാത്രി മഴ

മന്ദമീയാശുപത്രിയ്ക്കുള്ളില്‍ ,ഒരു നീണ്ടതേങ്ങലായ്
ഒഴുകിവന്നെത്തിയീ കിളിവാതില്‍ വിടവിലൂ -
ടെറെത്തണുത്ത കൈവിരല്‍ നീട്ടിയെന്നെ
ത്തൊടുന്നൊരീ ശ്യാമയാം
ഇരവിന്റെ ഖിന്നയാം പുത്രീ,രാത്രി മഴ
രാത്രി മഴ

നോവിന്റെ ഞരക്കങ്ങള്‍ ,ഞെട്ടലുകള്‍
തീഷ്ണ സ്വരങ്ങള്‍
പൊടുന്നനെയൊരമ്മതന്‍ ആര്‍ത്തനാദം
ഞാന്‍ നടുങ്ങീ,എന്‍ ചെവിപൊത്തീ,
എന്‍രോഗ ശയ്യയിലുരുണ്ടു തേങ്ങുമ്പൊഴീ
അന്ധകാരത്തിലൂടശ്വാസവാക്കുമായ്
എത്തുന്ന,പ്രിയജനം പോലെ,രാത്രി മഴ

ആരോ പറഞ്ഞു മുറിച്ചുമാറ്റാം
കേടുബാധിച്ചോരവയവം
പക്ഷെ കൊടും കേടുബാധിച്ച
പാവം മനസ്സോ?
രാത്രി മഴ

പണ്ടെന്റെ സൗഭാഗ്യരാത്രികളിൽ
എന്നെച്ചിരിപ്പിച്ച,കുളിർകോരിയണിയിച്ച
വെണ്ണിലാവേക്കാൾ പ്രിയം തന്നുറക്കിയോ-
രന്നത്തെയെന്‍ പ്രേമ സാക്ഷി, രാത്രി മഴ
രാത്രി മഴ

ഇന്നെന്റെ രോഗോഷ്ണ ശയ്യയില്‍
വിനിദ്രയാമങ്ങളില്‍,ഇരുട്ടില്‍
തനിച്ചു കരയാനും മറന്നു ഞാന്‍ ഉഴലവേ
ശിലപോലെയുറയവേ
എന്‍ ദു:ഖ സാക്ഷി
രാത്രി മഴ

രാതി മഴയോടു ഞാൻ പറയട്ടെ
നിന്റെ ശോകാർദ്രമാം
സംഗീതമറിയുന്നു ഞാൻ
നിന്റെയലിവും
അമർത്തുന്ന രോഷവും
ഇരുട്ടത്തു വരവും
തനിച്ചുള്ള തേങ്ങിക്കരച്ചിലും
പുലരിയെത്തുമ്പോൾ മുഖം തുടച്ചുള്ള
നിൻ ചിരിയും തിടുക്കവും നാട്യവും
ഞാനറിയും
അറിയുന്നതെന്തുകൊണ്ടെന്നോ
സഖീ,ഞാനും ഇതുപോലെ,രാത്രി മഴ പോലെ
രാത്രിമഴ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts