നന്ദി
ഞാനെന്ന ഗാനം
Nandi (Njaanenna Gaanam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംരാജീവ് ഒ‌ എന്‍‌ വി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍അപര്‍ണ്ണ രാജീവ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:37.

നന്ദി നീ തന്നോരിളം നീലരാവുകൾക്കെന്നെ
കുളിരണിയിച്ച നിലാവുകൾക്കെന്നെ ചിരിപ്പിച്ച
നക്ഷത്രമുല്ലകൾക്കെന്റെ ഏകാന്തത തൻ
പുഴയോരത്ത് കൊച്ചുകാറ്റിന്റെ കൊതുമ്പുവള്ളത്തിൽ നീ
കേറ്റി അയച്ച നിശിഷ്ടഗന്ധങ്ങൾക്കുമെല്ലാം
എനിക്കു കനിഞ്ഞു നീ തന്നതിനെല്ലാം
പ്രിയപ്പെട്ട ജീവിതമേ നന്ദി.. നന്ദി...

നന്ദി നീ ഏറ്റിയോരിന്ദ്രധനുസ്സുകളെന്നിൽ വിടർത്തി
വിറപ്പിച്ച പീലികൾക്കെന്നിൽ കൊളുത്തി
കെടുത്തിയ ദീപ്തികൾക്കെന്നിൽ നീ ചുംബിച്ചുണർത്തിയ പൂവുകൾക്കെന്നിൽ
പകർന്ന പരാഗകണികകൾക്കെന്റെ ചുണ്ടിൽ നീ ചുരന്ന തേൻതുള്ളികൾക്കെല്ലാം
എനിക്കു കനിഞ്ഞു നീ തന്നതിനെല്ലാം
പ്രിയപ്പെട്ട ജീവിതമേ നന്ദി.. നന്ദി...

നന്ദി നീ നൽകാൻ മടിച്ച പൂച്ചെണ്ടുകൾക്കെന്റെ വിളക്കിൽ
എരിയാത്ത ജ്വാലകൾക്കെൻ മണ്ണിൽ വീണൊഴുകാത്ത
മുകിലുകൾക്കെന്നെ തഴുകാതെ എന്നിൽ തളിർക്കാതെ
എങ്ങോ മറഞ്ഞോരുഷസന്ധ്യകൾക്കെന്റെ
കണ്ണിലുടഞ്ഞ കിനാവിൻ കുമിളകൾക്കെല്ലാം
എനിക്കു നൽകാൻ മടിച്ചവയ്ക്കെല്ലാം
പ്രിയപ്പെട്ട ജീവിതമേ നന്ദി.. നന്ദി...

നന്ദി നിന്നാൽമരച്ചോട്ടിലെ ഇത്തിരി മണ്ണിനും
നീല നിഴൽക്കുളിരിനുമെൻ നെഞ്ഞത്തുറങ്ങുവാൻ ചായുമീ കാറ്റിനും
കുഞ്ഞിലത്തുമ്പികൾ മൂളുന്ന പാട്ടിനും
തീവെയിലാഴി തൻ മദ്ധ്യത്തെ ഈ തണൽദ്വീപിലെ ഉച്ചമയക്കത്തിനും
പിന്നെ ഈ ദിവാസ്വപ്നം പൊലിയുമ്പോളെന്നുള്ളിൽ
നീ ദയാർദ്രം കൊളുത്തുന്ന ദുഃഖത്തിനും നന്ദി.. നന്ദി...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts