ജനനി
നാരായണമൂര്‍ത്തേ
Janani (Narayanamoorthe)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപരമ്പരാഗതം
ഗായകര്‍കവിയൂര്‍ രേവമ്മ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 16 2012 07:23:57.

ഒന്നായമാമതിയിൽ നിന്നായിരം
ത്രിപുടി വന്നാശു തന്മതി മറന്നന്നാദിയിൽ
പ്രിയമുയർന്നാടലാം കടലി ലൊന്നായി വീണുവലയും
എന്നാശയം ഗതിപെറും നാദഭൂമിയിലമർന്നാവിരാഭ പടരും
ചിന്നാഭിയിൽ ത്രിപുടിയെന്നാണറുംപടി
കലർന്നാറിടുന്നു ജനനീ

ഇല്ലാതമായയിടുമുല്ലാസമൊന്നുമറിവല്ലാതെയില്ലനിലനും
കല്ലാഴിയും കനലുമല്ലാതെ ശൂന്യമതുമെല്ലാമൊരാദിയറിവാം
തല്ലാഘവം പറകിലില്ലാരണം ക്രിയകൾ മല്ലാടുകില്ല മതിയീ
സല്ലാഭമൊന്നു മതിയെല്ലാവരും തിരയുമുല്ലാഘബോധജനനീ

ഉണ്ടായി മാറുമറിവുണ്ടായി മുന്നമിതു കണ്ടാടുമംഗമകവും
കൊണ്ടായിരം തരമിരുണ്ടാശയം പ്രതി ചുരുണ്ടാ മഹസ്സിൽ മറയും
കണ്ടാലുമീനിലയിലുണ്ടാകയില്ലറിവഖണ്ഡാനുഭൂതിയിലെഴും
തണ്ടാരിൽ വീണു മധുവുണ്ടാരമിക്കുമൊരുവണ്ടാണു സൂരി സുകൃതീ.

ആരായുകിൽ തിരകൾ നീരായിടുന്നു, ഫണിനാരായിടുന്നു
കുടവും പാരായിടുന്നതിനു നേരായിടുന്നുലക മോരായ്കിലുണ്ടഖിലവും,
വേരായ നിൻ കഴലിലാരാധനം തരണമാരാലിതിന്നൊരു വരം
നേരായി വന്നിടുക വേറാരുമില്ല ഗതി ഹേ രാജയോഗജനനീ.

മേലായ മൂലമതിയാലാവൃതം ജനനി നീ ലാസ്യമാടിവിടുമീ
കീലാലവായ്വനലകോലാഹലം ഭുവനമാലാപമാത്രമഖിലം,
കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു ലീലാപടം ഭവതി മെയ്
മേലാകെ മൂടുമതിനാ, ലാരുമുള്ളതറി വീലാഗമാന്തനിലയേ

മീനായതും ഭവതി മാനായതും ജനനി നീ നാഗവും നഗഖഗം
താനായതും ധര നദീ നാരിയും നരനുമാ നാകവും നരകവും,
നീ നാമരൂപമതിൽ നാനാവിധപ്രകൃതിമാനായി നിന്നറിയുമീ-
ഞാനായതും ഭവതി, ഹേ നാദരൂപിണിയ ഹോ
നാടകം നിഖിലവും.

എൻ പാപമെയ്‌വതിനൊരമ്പായിടുന്നറിവു നിൻ പാദതാരിലെഴുമെ
ന്നൻപാണു മൗർവിയൊരിരുമ്പാം മനം ധനുരഹംഭാവിയാണു വിജയീ
അംബാ തരുന്നു വിജയം പാപപങ്കിലമഹം ഭാനമാകുമതിനാൽ
വൻ ഭാരമാർന്ന തനുവും ഭാനമാമുലകവും ഭാനമാകുമഖിലം.

സത്തായിനിന്നുപരി ചിത്തായി രണ്ടുമൊരു മുത്തായി മൂന്നുമറിയും
ഹൃത്തായി നിന്നതിനു വിത്തായി വിണ്ണൊടു മരുത്തായി ദൃഷ്ടി മുതലായ്
കൊത്തായിടും വിഷയ വിസ്താരമന്നമതിനത്താവുമായി വിലസും
സിദ്ധാനുഭൂതിയിലുമെത്താതെയാമതിമഹത്തായിടും ജനനി നീ.

ഭൂവാദി ഭൂതമതിനാവാസമില്ല വെറുമാഭാസമാമിതറിവി-
ന്നാഭാവിശേഷമിതിനാവാസമിങ്ങുലകിലാപാദിതം ഭവതിയാൽ
നാവാദി തൻ വിഷയിതാവാസമറ്റ ഭവദാവാസമാകെ വിലസും
ദ്യോവാണതിന്റെ മഹിമാവാരറിഞ്ഞു ജനനീ വാഴ്ത്തുവാനുമരുതേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts