നാറാണത്തു ഭ്രാന്തൻ
പ്രസിദ്ധ കവിതകള്‍
Naaranathu Braanthan (Famous Poems)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനവി മധുസൂദനന്‍ നായര്‍
ഗായകര്‍വി മധുസൂദനന്‍ നായര്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 31 2015 04:35:36.

പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ
നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ
നിന്റെ മക്കളിൽ ഞാനാണനാഥൻ
എന്റെ സിരയിൽ നുരയ്ക്കും പുഴുക്കളില്ലാ
കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ
ഉള്ളിനഗ്നികോണിൽ കാറ്റുരഞ്ഞു തീ ചീറ്റുന്ന
നഗ്നമാം ദുഃസ്വർഗ്ഗ കാമമില്ല
വാഴ്‌വിന്‍ ചെതുമ്പിച്ച വാതിലുകളടയുന്ന
പാഴ്നിഴ‍ൽപ്പുറ്റുകൾ കിതപ്പാറ്റിയുടയുന്ന
ചിതകെട്ടി കേവലത ധ്യാനത്തിലുറയുന്ന
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌
നേര് ചികയുന്ന ഞാനാണ് ഭ്രാന്തൻ
മൂകമുരുകുന്ന ഞാനാണു മൂഢൻ

കോയ്മയുടെ കോലങ്ങളെരിയുന്ന
ജീവിത ചുടലയ്ക്കു കൂട്ടിരിക്കുമ്പോൾ
കോവിലുകളെല്ലാമൊതുങ്ങുന്ന കോവിലിൽ
കഴകത്തിനെത്തി നില്‍ക്കുമ്പോൾ
കോലായിലീക്കാലമൊരു മന്തുകാലുമായ്‌
തീ കായുവാനിരിക്കുന്നു
ചീർത്ത കൂനൻ കിനാക്കൾതൻ കുന്നിലേക്കീ
മേഘ കാമങ്ങൾ കല്ലുരുട്ടുന്നു
ഒട്ടി വലിയുന്ന ദിശയെട്ടുമുപശാന്തിയുടെ
മൊട്ടുകൾ‍ തിരഞ്ഞു നടകൊൾകേ
ഓർമ്മയിലൊരൂടുവഴി വരരുചിപ്പഴമയുടെ
നേർവരയിലേക്ക്‌ തിരിയുന്നു

ഇവിടയല്ലോ പണ്ടൊരദ്വൈതി
പ്രകൃതിതൻ വ്രതശുദ്ധി വടിവാർന്നൊരെൻ അമ്മയൊന്നിച്ച്‌
ദേവകൾ തുയിലുണരുമിടനാട്ടിൽ
ദാരുകല ഭാവനകൾ വാർക്കുന്ന പൊന്നമ്പലങ്ങളിൽ
പുഴകൾ വെൺപാവിനാൽ വെണ്മനെയ്യും
നാട്ടു പൂഴിപ്പരപ്പുകളിൽ
ഓതിരം കടകങ്ങൾ നേരിന്റെ
ചുവടുറപ്പിക്കുന്ന കളരിയിൽ
നാണം ചുവക്കും വടക്കിനിത്തിണ്ണയിൽ

ഇരുളിന്റെ ആഴത്തിലദ്ധ്യാത്മചൈതന്യം
ഇമവെട്ടി വിരിയുന്ന വേടമാടങ്ങളിൽ
ഈറകളിളം തണ്ടിലാത്മബോധത്തിന്റെ
ഈണം കൊരുക്കുന്ന കാടക പൊന്തയിൽ
പുള്ളും പരുന്തും കുരുത്തോല നാഗവും
വള്ളുവചിന്തു കേട്ടാടും വനങ്ങളിൽ
ആടിമേഘം പുലപ്പേടി വേഷം കളഞ്ഞാവണി
പൂവുകൾ നീട്ടും കളങ്ങളിൽ
അടിയാര്‍ തുറക്കുന്ന പാടപ്പറമ്പുകളിൽ
അഗ്നി സൂക്ത സ്വരിത യജ്ഞവാടങ്ങളിൽ
വാക്കുകൾ മുളയ്ക്കാത്ത കുന്നുകളിൽ
വാക്കുകൾ മുളയ്ക്കാത്ത കുന്നുകളിൽ
വർണ്ണങ്ങൾ വറ്റുമുന്മതവാത വിഭ്രമ ചുഴികളിൽ അലഞ്ഞതും
കാർമ്മണ്ണിലുയിരിട്ടൊരാശ മേൽ
ആഢ്യത്വം ഊർജ്ജരേണുക്കൾ ചൊരിഞ്ഞതും

പന്ത്രണ്ടു മക്കളത്രേ പിറന്നു
ഞങ്ങൾ പന്ത്രണ്ടു കയ്യിൽ വളർന്നു
കണ്ടാലറിഞ്ഞേക്കുമെങ്കിലും തങ്ങളിൽ
രണ്ടെന്ന ഭാവം തികഞ്ഞു
രാശിപ്രമാണങ്ങൾ മാറിയിട്ടോ
നീച രാശിയിൽ വീണു പോയിട്ടോ
ജന്മശേഷത്തിൽ അനാഥത്വമോ
പൂർവ്വ കർമ്മദോഷത്തിന്റെ കാറ്റോ
താളമർമ്മങ്ങൾ പൊട്ടിത്തെറിച്ച തൃഷ്‌ണാർത്തമാം
ദുർമദത്തിൻ മാദനക്രിയായന്ത്രമോ
ആദി ബാല്യം തൊട്ടു പാലായി നൽകിയോ
രാന്ധ്യം കുടിച്ചും തെഴുത്തും മുതിർന്നവർ
പത്തു കൂറായ്‌ കൂറ്റുറപ്പിച്ചവർ
എന്റെ എന്റെ എന്നാർത്തും കയർത്തും
ദുരാചാര രൗദ്രത്തിനങ്കം കുറിക്കുന്നതും
ഗൃഹഛിദ്ര ഹോമങ്ങൾ തിമിർക്കുന്നതും കണ്ടു
പൊരുളിന്റെ ശ്രീമുഖം പൊലിയുന്നതും കണ്ടു
കരളിൻ കയത്തിൽ ചുഴിക്കുത്തു വീഴവേ
കരളിൻ കയത്തിൽ ചുഴിക്കുത്തു വീഴവേ
പൊട്ടിച്ചിരിച്ചും പുലമ്പികരഞ്ഞും
പുലഭ്യം പറഞ്ഞും പെരുങ്കാലനത്തിയും
ഇരുളും വെളിച്ചവും തിരമേച്ചു തുള്ളാത്ത
പെരിയ സത്യത്തിന്റെ നിർവികാരത്വമായ്‌
ആകാശ ഗർഭത്തിലാത്മതേജസ്സിന്റെ
ഓംകാരബീജം തിരഞ്ഞും
എല്ലാരുമൊന്നെന്ന ശാന്തി പാഠം
തനിച്ചെങ്ങുമേ ചൊല്ലി തളർന്നും
ഉടൽ തേടി അലയും ആത്മാക്കളോടദ്വൈതമുരിയാടി ഞാനിരിക്കുമ്പോൾ
ഉടൽ തേടി അലയും ആത്മാക്കളോടദ്വൈതമുരിയാടി ഞാനിരിക്കുമ്പോൾ
ഉറവിന്റെ കല്ലെറിഞ്ഞൂടെപ്പിറന്നവർ കൂകി നാറാണത്തു ഭ്രാന്തൻ
ഉറവിന്റെ കല്ലെറിഞ്ഞൂടെപ്പിറന്നവർ കൂകി നാറാണത്തു ഭ്രാന്തൻ

ചാത്തമൂട്ടാനൊത്തുചേരുമാറുണ്ടെങ്ങൾ
ചേട്ടന്റെ ഇല്ലപ്പറമ്പിൽ
ചാത്തനും പാണനും പാക്കനാരും
പെരുംതച്ചനും നായരും വള്ളുവോനും
ഉപ്പുകൊറ്റനും രജകനും കാരയ്ക്കലമ്മയും
കാഴ്ച്ചക്കു വേണ്ടി ഈ ഞാനും
വെറും കാഴ്ച്ചക്കു വേണ്ടി ഈ ഞാനും

ഇന്ദ്രിയം കൊണ്ടേ ചവയ്ക്കുന്ന താംബൂലം
ഇന്നലത്തെ ഭ്രാതൃഭാവം
തങ്ങളിൽ തങ്ങളിൽ മുഖത്തു തുപ്പും
നമ്മൾ ഒന്നെന്നു ചൊല്ലും ചിരിക്കും
പിണ്ഡം പിതൃക്കൾക്കു വെയ്ക്കാതെ
കാവിനും പള്ളിക്കുമെന്നെണ്ണിമാറ്റും
പിന്നെ അന്നത്തെ അന്നത്തിനന്യന്റെ
ഭാണ്ഡങ്ങൾ തന്ത്രത്തിലൊപ്പിച്ചെടുക്കും
ചാത്തനെന്റേതെന്നു കൂറുചേർക്കാൻ ചിലർ
ചാത്തിരാങ്കം നടത്തുന്നു
ചുങ്കംകൊടുത്തും ചിതമ്പറഞ്ഞും
വിളിച്ചങ്കതിനാളു കൂട്ടുന്നു
വായില്ലാകുന്നിലെ പാവത്തിനായ്‌
പങ്കു വാങ്ങി പകുത്തെടുക്കുന്നു
അഗ്നിഹോത്രിക്കിന്നു ഗാർഹപത്യത്തിനോ
സപ്തമുഖ ജഠരാഗ്നിയത്രേ

ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ
ഒരുകോടി ഈശ്വര വിലാപം
ഓരോ കരിന്തിരി കണ്ണിലും കാണ്മു ഞാൻ
ഒരു കോടി ദേവനൈരാശ്യം
ജ്ഞാനത്തിനായ്‌ കുമ്പിൾ നീട്ടുന്ന പൂവിന്റെ
ജാതി ചോദിക്കുന്നു വ്യോമസിംഹാസനം
ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ
ജാതകം നോക്കുന്നു ദൈത്യ ന്യായാസനം
ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ
അർദ്ധിയിൽ വർണ്ണവും വിത്തവും തപ്പുന്നു
ഉമിനീരിൽ എരിനീരിൽ എല്ലാം ദഹിക്കയാണ്‌
ഊഴിയിൽ ദാഹമേ ബാക്കി

ചാരങ്ങൾ പോലും പകുത്തു തിന്നുന്നോരീ
പ്രേതങ്ങളലറുന്ന നേരം
പേയും പിശാചും പരസ്പരം
തീവെട്ടി പേറി അടരാടുന്ന നേരം
നാദങ്ങളിൽ സർവ്വനാശമിടിവെട്ടുമ്പോൾ
ആഴങ്ങളിൽ ശ്വാസ തന്മാത്ര പൊട്ടുമ്പോൾ
അറിയാതെ ആശിച്ചു പോകുന്നു ഞാന്‍
വീണ്ടുമൊരുന്നാൾ വരും
വീണ്ടുമൊരുന്നാൾ വരും
എന്റെ ചുടലപ്പറമ്പിനെ തുടതുള്ളുമീ
സ്വാർത്ഥ സിംഹാസനങ്ങളെ കടലെടുക്കും
പിന്നെ ഇഴയുന്ന ജീവന്റെയഴലിൽ നിന്ന്‌
അമരഗീതം പോലെ ആത്മാക്കൾ
ഇഴ ചേർന്നൊരു അദ്വൈത പത്മമുണ്ടായ് വരും

അതിലെന്റെ കരളിന്റെ നിറവും സുഗന്ധവും
ഊഷ്മാവുമുണ്ടായിരിക്കും
അതിലെന്റെ താരസ്വരത്തിന്‍ പരാഗങ്ങൾ
അണുരൂപമാർന്നടയിരിക്കും
അതിനുള്ളിൽ ഒരു കല്പതപമാർന്ന ചൂടിൽ നിന്ന്‌
ഒരു പുതിയ മാനവനുയിർക്കും
അവനിൽ നിന്നാദ്യമായ്‌ വിശ്വസ്വയംപ്രഭാപടലം
ഈ മണ്ണിൽ പരക്കും
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം
നേരു നേരുന്ന താന്തന്റെ സ്വപ്നം
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം
നേരു നേരുന്ന താന്തന്റെ സ്വപ്നം..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts