നിശാഗന്ധി നീയെത്ര ധന്യ
നിശാന്തം (ഓ എൻ വി കവിതകൾ വാല്യം 6)
Nishagandhi Neeyetha Dhanya (Nishantham(ONV Kavithakal Vol 6))
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംരാജീവ് ഒ‌ എന്‍‌ വി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ഓ എന്‍ വി കുറുപ്പ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 13 2013 17:03:54.
നിശാഗന്ധി നീയെത്ര ധന്യ...
നിശാഗന്ധി നീയെത്ര ധന്യ...

നിഴല്‍ പാമ്പുകള്‍ കണ്ണൂകാണാതെ നീന്തും നിലാവില്‍
നിരാലംബശോകങ്ങള്‍തന്‍ കണ്ണുനീര്‍പൂക്കള്‍
കണ്‍ചിമ്മിനില്‍ക്കുന്ന രാവില്‍

നിശാഗന്ധി നീയേതദൃശ്യപ്രകാശത്തെ
നിന്നുള്ളിലൂതിത്തെളിക്കാനൊരേ നില്പു് നിന്നൂ...
നിലാവും കൊതിക്കും മൃദുത്വം നിനക്കാരു തന്നൂ...

മഡോണാസ്മിതത്തിന്നനാഘ്രാത ലാവണ്യ നൈര്‍മല്ല്യമേ
മൂകനിഷ്പന്ദ ഗന്ധര്‍വ്വസംഗീതമേ..
മഞ്ഞുനീരില്‍ തപം ചെയ്തിടും നിത്യകന്യേ

നിശാഗന്ധി നീയെത്ര ധന്യ...
നിശാഗന്ധി നീയെത്ര ധന്യ...

വിടര്‍ന്നാവു നീ സുസ്മിതേ
നിന്‍ മനസ്സില്‍ തുടിക്കും പ്രകാശം പുറത്തില്ല...

ഇരുള്‍ പെറ്റ നാഗങ്ങള്‍ നക്കിക്കുടിക്കും
നിലാവിന്റെ നാഴൂരിവെട്ടം തുളുമ്പിത്തുടിക്കുന്ന
മണ്‍ചട്ടിയില്‍ നീ വിടര്‍ന്നു
വിടര്‍‌ന്നൊന്നു വീര്‍‌പ്പിട്ടു നിന്നൂ...
മനസ്സിന്റെ സൗമ്യാര്‍ദ്ര ഗന്ധങ്ങളാ വീര്‍പ്പിലിറ്റിറ്റു നിന്നൂ...

നിശാഗന്ധി നീയെത്ര ധന്യ...
നിശാഗന്ധി നീയെത്ര ധന്യ...

നിനക്കുള്ളതെല്ലാമെടുക്കാന്‍ കൊതിക്കും
നിശാവാതമോടിക്കിതച്ചെത്തി നിന്‍
പട്ടുചേലാഞ്ചലത്തില്‍ പിടിക്കെ...
കരം കൂപ്പിയേഗാഗ്രമായ്,
ശാന്തനിശ്ശബ്ദമായ്,
ധീരമേതോരു നിര്‍വ്വാണമന്ത്രം ജപിച്ചു...

നിലാവസ്തമിച്ചു,
മിഴിച്ചെപ്പടച്ചു,
സനിശ്വാസമാഹംസഗാനം നിലച്ചു...

നിശാഗന്ധി നീയെത്ര ധന്യ...
നിശാഗന്ധി നീയെത്ര ധന്യ...

ഇവര്‍ക്കന്ധകാരം നിറഞ്ഞോരുലോകം തുറക്കപ്പെടുമ്പോള്‍
ജനിച്ചെന്ന തെറ്റിന്നു ജീവിക്കുകെന്നേ വിധിക്കപ്പെടുമ്പോള്‍
തമസ്സിന്‍ തുരുമ്പിച്ച കൂടാരമൊന്നില്‍ തളച്ചിട്ട ദുഖങ്ങള്‍ ഞങ്ങള്‍
കവാടം തകര്‍‌ത്തെത്തുമേതോ സഹസ്രാംശുവെ
കാത്തുകാത്തസ്തമിക്കുന്ന മോഹങ്ങള്‍ ഞങ്ങള്‍
ഭയന്നുറ്റു നോക്കുന്നു ഹാ മൃത്യുവെ..
നീ മൃത്യുവെ സ്വയം കൈവരിച്ചോരു കന്യ
നിശാഗന്ധി നീയെത്ര ധന്യ

നിശാഗന്ധി നീയെത്ര ധന്യ...
നിശാഗന്ധി നീയെത്ര ധന്യ...  
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts