ശരീര സൗകുമാര്യ..
ദ്വാരകീയം
Sareera Soukumarya (Dwarakeeyam)
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഉണ്ണി മേനോന്‍
ഗാനരചനമേതിൽ സതീശൻ
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 01 2021 15:27:37.
 
ശാരീര സൗകുമാര്യ ഗളശോഭിതം
ശ്രുതിമോഹനത്തിലും ..
ലയസുഭഗ ലാവണ്യ കോമളത്തിലും
താളമർമ്മങ്ങൾ സ്വധർമ്മസൂക്ഷ്മമളന്നും
പന്തൽസ്ഥായിയിലാശാൻ
പദം പാടിനിറയുമ്പോൾ ...
'വിരുത്ത'ങ്ങൾ വിരിയും, കൂടെ-
പ്പാടും കുരുത്തോലത്തെന്നലും
ചെണ്ട ചേങ്ങില മണിമന്ദ്ര മദ്ദള ധ്വനിഭരം
കണിയാരപ്പന്തലിനകം ഘോഷം !!
കണ്ണിയാർക്കളിവിളക്കിൻ നിറദീപം
കലാഞ്ചിത കമനീയം .. ഏവം
സർഗ്ഗാത്മലയം ..'ദ്വാരകീയം' !!!

ഗുരുപ്രസാദത്താൽ വദനം തുടുത്തും
വരപ്രസാദം സ്വരമേന്മ ചേർത്തും
വാണീവിലസിതം നാവിനേറ്റം
കൈയ്യിലത്താള ഗതിസുന്ദരം
കലാശങ്ങളെറിഞ്ഞുകൊണ്ടും
പ്രഥിത പ്രതിഭാധനൻ പ്രിയങ്കരൻ
പ്രാണസ്വരങ്ങളിൽ പാടി ...
ആടീ കണ്ണിയാർ വേഷമഹിമക-
ളാരവങ്ങളോടരങ്ങിലാകവെ;
ആടീ രമണീയ വാകപ്പൂങ്കുലകളും
വരിനിരകളായ് വാരിളം ജമന്തിയും
ആടീ കണ്ണിമയ്ക്കാതെ കളികാണു -
മരങ്ങിൻ ഹൃത്താളഗതികളും
അലിഞ്ഞു 'ദ്വാരകീയ' 'നാദ' രവത്തിൽ
സ്വർഗീയ രസലയത്തിലും ..!!

സ്വരസഞ്ചാരഗതി എത്രയുമനന്യം
അത്രമേലനിതരം ഗളസ്ഥായീബലം
ശ്രവമധുര പിയൂഷ പാനം മോഹനം
അനുപമ സുന്ദരമാമാലാപനം ...
പ്രാർത്ഥനാനിർഭര സ്തുതി സ്തോത്രങ്ങളിൽ ,
നല്കുറത്തിപോൽ സൗമ്യാർദ്രവിരഹം പെൺപാട്ടിലും
ചടുല, മതിചടുല വിന്ന്യാസം കരിപ്പുറാട്ടിലും
ഗംഭീരഘോഷരസപ്രകാരം രാജാപ്പാർട്ടിലും
വൈവിധ്യശൈലീ ഗാനവൈഭവം
'ദ്വാരകീയ' രാഗസുധ പന്തലിലൊഴുകവെ ..
ലാലസ രസരാഗലോലങ്ങൾ നിറയവെ ...
ആദിതാളമിടുമഷ്ടദിഗ്പാലകർ 'കാലെട്ടി'ലും
നടുമുളങ്കാലതോ ദീപ്തം ദേവീ കടാക്ഷ മുഗ്ദ്ധം;
ഗഗനാചരരവർ കിന്നര ഗന്ധർവ്വ മേഘമൽഹാർ
മീട്ടിയിരിക്കാം രാഗവീണകൾ ....

കലാഞ്ചിത കമനീയം .. ഏവം
സർഗ്ഗാത്മലയം ..'ദ്വാരകീയം' !!!
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts