ഹരിനാമകീര്‍ത്തനം
ഹരിനാമകീര്‍ത്തനം
Harinaamakeerthanam (Harinaamakeerthanam)
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനതുഞ്ചത്തെഴുത്തച്ഛൻ
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 15 2012 02:39:01.
 
നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണാ സകലസന്താപനാശന
ജഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

ഓംകാരമായ പൊരുള്‍ മൂന്നായു് പിരിഞ്ഞുടനെ -
യാങ്കാരമായതിനു താന്‍ തന്നെ സാക്ഷി, യതു
ബോധം വരുത്തുവതിനാളായി നിന്ന പര -
മാചാര്യരൂപ ഹരി നാരായണായ നമഃ

ഒന്നായനിന്നെയിഹ രണ്ടെന്നു കണ്ടളവി -
ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ
പണ്ടേക്കണക്കെ വരുവാന്‍ നിന്‍ കൃപാവലിക -
ളുണ്ടാകയെങ്കലിഹ നാരായണായ നമഃ

ആനന്ദചിന്മയ ഹരേ ഗോപികാരമണ
ഞാനെന്നഭാവമതു തോന്നായ്കവേണമിഹ
തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി
തോന്നേണമേ വരദ നാരായണായ നമഃ

അര്‍ക്കാനലാദിവെളിവൊക്കെ ഗ്രഹിക്കുമൊരൊ
കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു
കണ്ണായിരുന്ന പൊരുള്‍ താനെന്നുറയ്ക്കുമള -
വാനന്ദമെന്തു, ഹരി നാരായണായ നമഃ

ഹരിനാമകീര്‍ത്തനമിതുര ചെയു്വതിന്നു ഗുരു-
വരുളാലെ ദേവകളുമരുള്‍ചെയ്ക ഭൂസുരരും
നരനായു് ജനിച്ചു ഭുവി മരണം ഭവിപ്പളവു -
മുരചെയു്വതിന്നരുള്‍ക നാരായണായ നമഃ

ശ്രീമൂലമായ പ്രകൃതീങ്കല്‍ തുടങ്ങി ജന -
നാന്ത്യത്തോളം പരമഹാമായ തന്റെ ഗതി
ജന്മങ്ങളും പല കഴിഞ്ഞാലുമില്ലവധി
കര്‍മ്മത്തിനും പരമനാരായണായ നമഃ

ഗര്‍ഭസ്ഥനായു് ഭുവി ജനിച്ചും, മരിച്ചുമുദ -
കപ്പോളപോലെ, ജനനാന്ത്യേന നിത്യഗതി
ത്വദ്‌ഭക്തി വര്‍ദ്ധനമുദിക്കേണമെന്‍ മനസി
നിത്യം തൊഴായു്വരിക നാരായണായ നമഃ

ണത്താരില്‍ മാനിനി മണാളന്‍ പുരാണപുരു -
ഷന്‍ ഭക്തവത്സല,നനന്താദിഹീനനിതി
ചിത്തത്തിലച്യുത കളിപ്പന്തലിട്ടു വിള -
യാടീടുകെന്മനസി നാരായണായ നമഃ

പച്ചക്കിളിപ്പവിഴപ്പാല്‍വര്‍ണ്ണമൊത്ത നിറ -
മിച്ഛിപ്പവര്‍ക്കു ഷഡാധാരം കടന്നുപരി -
വിശ്വസ്ഥിതി പ്രളയസൃഷ്ടിക്കു സത്വരജ -
സ്തമോഭേദരൂപ ഹരി നാരായണായ നമഃ

തത്വത്തിനുള്ളിലുദയം ചെയ്തിടുന്ന പൊരു -
ളെത്തീടുവാന്‍ ഗുരു പദാന്തേ ഭജിപ്പവനു
മുക്തിക്കു തക്കൊരുപദേശം തരും ജനന -
മറ്റീടുമന്നവനു നാരായണായ നമഃ

യെന്‍പാപമൊക്കെയറിവാന്‍ ചിത്രഗുപ്തനുടെ
സമ്പൂര്‍ണ്ണലിഖ്യതഗിരം കേട്ടു ധര്‍മ്മപതി
എന്‍പക്കലുള്ള ദുരിതം പാര്‍ത്തു കാണുമള -
വംഭോരുഹാക്ഷ ഹരി നാരായണായ നമഃ

നക്ഷത്രപംക്തികളുമിന്ദുപ്രകാശവു -
മൊളിക്കും ദിവാകരനുദിച്ചങ്ങുയര്‍ന്നളവു
പക്ഷീഗണം ഗരുഡനെക്കണ്ടു കൈതൊഴുതു
രക്ഷിക്കയെന്നടിമ നാരായണായ നമഃ

മത്‌പ്രാണനും പരനുമൊന്നെന്നുറപ്പവനു
തത്‌പ്രാണദേഹവുമനിത്യം കളത്രധനം
സ്വപ്‌നാദിയില്‍ ചിലതു കണ്ടിങ്ങുണര്‍ന്നവനൊ -
ടൊപ്പം ഗ്രഹിക്ക ഹരി നാരായണായ നമഃ

അന്‍പേണമെന്മനസി ശ്രീനീലകണ്ഠഗുരു -
വംഭോരുഹാക്ഷമിതി വാഴ്ത്തുന്നു ഞാനുമിഹ,
അന്‍പത്തൊരക്ഷരവുമോരോന്നിതെന്മൊഴിയി -
ലമ്പോടു ചേര്‍ക്ക ഹരി നാരായണായ നമഃ

ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയു, മി -
താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി
ആദ്യക്ഷരാലിവയിലോരോന്നെടുത്തു പരി -
കീര്‍ത്തിപ്പതിന്നരുള്‍ക നാരായണായ നമഃ

ഇക്കണ്ട വിശ്വമതുമിന്ദ്രാദിദേവകളു -
മര്‍ക്കേന്ദുവഹ്നികളോടൊപ്പം ത്രിമൂര്‍ത്തികളും
അഗ്രേ വിരാടപുരുഷ നിന്മൂലമക്ഷരവു -
മോര്‍ക്കായു് വരേണമിഹ നാരായണായ നമഃ

ഈ വന്ന മോഹമകലെപ്പോവതിന്നു പുന -
രീവണ്ണമുള്ളൊരുപദേശങ്ങളില്ലുലകില്‍
ജീവന്നു കൃഷ്ണ ഹരി ഗോവിന്ദ രാമ തിരു -
നാമങ്ങളൊന്നൊഴികെ, നാരായണായ നമഃ

ഉള്ളില്‍ക്കനത്ത മദമാത്സര്യമെന്നിവക -
ളുള്ളോരു കാലമുടനെന്നാകിലും മനസി
ചൊല്ലുന്നതാരു തിരു നാമങ്ങളന്നവനു
നല്ലൂ ഗതിക്കു വഴി നാരായണായ നമഃ

ഊരിന്നുവേണ്ട ചില ഭാരങ്ങള്‍ വേണ്ടതിനു
നീരിന്നു വേണ്ട നിജദ്വാരങ്ങള്‍ വേണ്ടതിനു
നാരായണാച്യുത ഹരേ എന്നതിന്നൊരുവര്‍
നാവൊന്നേ വേണ്ടൂ ഹരി നാരായണായ നമഃ

ഋതുവായ പെണ്ണിന്നുമിരപ്പന്നും ദാഹകനും
പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും
ഹരിനാമകീര്‍ത്തനമിതൊരുനാളുമാര്‍ക്കുമുട -
നരുതാത്തതല്ല, ഹരി നാരായണായ നമഃ

ഋഔഭോഷനെന്നു ചിലര്‍ ഭാഷിക്കിലും ചിലര്‍ ക -
ളിപ്പാപിയെന്നു പറയുന്നാകിലും മനസി
ആവോ നമുക്കു തിരിയാ എന്നുറച്ചു തിരു -
നാമങ്ങള്‍ ചൊല്‍ക ഹരി നാരായണായ നമഃ

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണാ സകലസന്താപനാശന
ജഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

ലുത്സ്‌മാദി ചേര്‍ത്തൊരു പൊരുത്തം നിനക്കിലുമി -
തജിതന്റെ നാമഗുണമതിനിങ്ങു വേണ്ട ദൃഢം
ഒരു കോടി കോടി തവ തിരുനാമമുള്ളവയി -
ലരുതാത്തതില്ല ഹരി നാരായണായ നമഃ

ലൂകാരമാദി മുതലായിട്ടു ഞാനുമിഹ
കൈകൂപ്പി വീണുടനിരക്കുന്നു നാഥനൊടു
ഏകാന്തഭക്തിയകമേ വന്നുദിപ്പതിനു
വൈകുന്നതെന്തു ഹരി നാരായണായ നമഃ

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണാ സകലസന്താപനാശന
ജഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts